തൃശൂർ: കോർപറേഷനിൽ ഭരണമുന്നണിയുടെ സ്വപ്നപദ്ധതിയായ ഇന്ദിരാ കാന്റീൻ രൂക്ഷമായ പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് പാസാക്കി. അജൻഡ അപൂർണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷവും ബിജെപിയും ശക്തമായ എതിർപ്പു പ്രകടിപ്പിച്ചത്.
ഇന്ദിരാ കാന്റീൻ പദ്ധതിയുടെ ചുമതല വഹിക്കാനേറ്റ സി-ഹെഡ് എന്ന സ്ഥാപനത്തിന് കാന്റീനിന്റെ നിർമാണവും തുടർന്ന് ഒരു വർഷത്തേക്കുള്ള നടത്തിപ്പും ഏൽപിക്കാനാണ് ഭരണസമിതി മുന്നോട്ടു വെച്ച അജൻഡയിലെ തീരുമാനം. എന്നാൽ സി-ഹെഡിന്റെ താത്പര്യപത്രം കൗണ്‍സിലിൽ അവതരിപ്പിക്കാതെ ഇക്കാര്യത്തിൽ തീരുമാനമെടുത്തത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ കൗണ്‍സിലർമാർ പറഞ്ഞു.
അജൻഡ മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷവും പാസാക്കണമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലർമാരും വാശിപിടിച്ചു. സുതാര്യമായ അജൻഡയാണ് അവതരിപ്പിച്ചതെന്നായിരുന്നു ഭരണസമിതി കൗണ്‍സിലർമാരുടെ പക്ഷം.
കൊച്ചിയിൽ സമൃദ്ധി- ഇന്ദിര കാന്റീൻ നടത്തിപ്പിൽ വിജയിച്ച മുൻ പരിചയമുള്ള ഏജൻസിയെയാണ് നിർമാണ പ്രവർത്തനവും തുടർന്ന് ഒരുവർഷക്കാലത്തേക്ക് പരിശീലനവും നടത്തിപ്പും ഏൽപ്പിക്കുന്നത്. മറ്റു ജില്ലകളിൽ ഇന്ദിരാ കാന്റീൻ ഇല്ലാത്തതിനാലാണ് പ്രവർത്തന പരിചയമുള്ള കന്പനിയെ ഏൽപിക്കുന്നതെന്നും കോണ്‍ഗ്രസ് കൗണ്‍സിലർമാർ പറഞ്ഞു.
നേരത്തേ ചേർന്ന രണ്ടു കൗണ്‍സിലിലും അജൻഡ പൂർണമല്ലെന്നു കണ്ടെത്തി മാറ്റിവച്ചിരുന്നു. എന്നാൽ ഇത്തവണ മാറ്റിവയ്ക്കാൻ പറ്റില്ലെന്നും വേണമെങ്കിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തട്ടെയെന്നും ഭരണപക്ഷ കൗണ്‍സിലർമാർ വാശിപിടിച്ചു.
ഇന്ദിരാ കാന്റീൻ എന്നു കേട്ടാൽ പ്രതിപക്ഷത്തിന് പേടിയും അസഹിഷ്ണുതയുമാണെന്ന് ഡെപ്യൂട്ടിമേയർ വിമർശിച്ചു. അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരയെ പേടിക്കാത്ത പ്രസ്ഥാനം ഇന്ദിരാ കാന്റീനെന്ന് കേട്ടാൽ പേടിക്കില്ലെന്നും പൂർണമായ അജൻഡ കൊണ്ടുവന്നാൽ പിന്തുണയ്ക്കാമെന്നും ടി.ആർ. ഹിരണ്‍ വെല്ലുവിളിച്ചു. പിന്നീട് മേയർ കുഴപ്പത്തിലാകുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ താക്കീത്.
മേയർ ഒടുവിൽ ഉറച്ച തീരുമാനമെടുത്ത് അജൻഡ പാസാക്കുകയായിരുന്നു. അടുത്ത കൗണ്‍സിലുകളിൽ തുടർചർച്ചകളുണ്ടാകുമെന്നും മേയർ അറിയിച്ചു.
കോർപറേഷൻ ഉടമസ്ഥതയിൽ ഗോൾഡൻ ഫ്ളീ മാർക്കറ്റിനടുത്ത് 20 സെന്റ് സ്ഥലത്ത് ഇന്ദിരാ കാന്റീൻ നടപ്പിലാക്കുന്നതിനാണ് തീരുമാനം.
കെട്ടിടം പൊളിക്കലിൽ
അഴിമതിയെന്ന് പ്രതിപക്ഷം;
വാഗ്വാദം കനത്തു
തൃശൂർ: നഗരത്തിൽ അപകടാവസ്ഥയിലായ കെട്ടിടങ്ങൾക്കു പുറമേ താരതമ്യേന കുഴപ്പമില്ലാത്ത കടമുറികൾക്കും സ്ഥാപനങ്ങൾക്കും പൊതുമരാമത്ത് വിഭാഗവും ഹെൽത്ത് വിഭാഗവും നോട്ടീസ് നൽകുന്നുവെന്ന കോണ്‍ഗ്രസ് കൗണ്‍സിലർ ബൈജു വർഗീസിന്റെ ആരോപണം വാഗ്വാദത്തിൽ കലാശിച്ചു. അഴിമതി ലക്ഷ്യമിട്ടാണ് കുഴപ്പമില്ലാത്ത കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകുന്നതെന്ന് പ്രതിപക്ഷനേതാവ് ടി.ആർ. ഹിരണ്‍ ആരോപിച്ചു. പൊളിക്കാനുള്ള പട്ടികയിൽ ഉൾപ്പെടാത്ത കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകിയതായി വിവരംതന്നാൽ നടപടിയെടുക്കാമെന്ന് ഡെപ്യൂട്ടി മേയർ എ. പ്രസാദ് അറിയിച്ചു.
പഴക്കം ചെന്ന കെട്ടിടങ്ങൾ അടിയന്തരമായി പൊളിക്കണമെന്ന് കൗണ്‍സിലർ പൂർണിമ സുരേഷ് ആവശ്യപ്പെട്ടു. നടപടിക്രമങ്ങൾ പൂർത്തിയായെന്നും ഉടൻ നടപടി തുടങ്ങുമെന്നും എ. പ്രസാദ് പറഞ്ഞു.